Skip directly to content

വിദ്യാര്‍ത്ഥികളോട്

പ്രിയ വിദ്യാര്‍ത്ഥികളേ! എല്ലാം സ്വയം പഠിക്കാം. നിങ്ങള്‍ തന്നെ നിങ്ങളുടെ ഗുരു എന്ന ഐ.ടി. ക്ലബ്ബിന്റെ ആശയം നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. അധ്യാപകര്‍ ആവശ്യമില്ലെന്നല്ല അതിനര്‍ത്ഥം. തീര്‍ച്ചയായും അധ്യാപകര്‍ നിങ്ങള്‍ക്ക് പഠന പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടികള്‍ തന്നെയാണ്. പലപ്പോഴും വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ മഹാസിദ്ധികളാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകന് വലിയ പങ്കുണ്ട്. അപ്പോഴാണ് അവര്‍ ഉന്നതമായ തലങ്ങളിലേയ്ക്കുയര്‍ന്ന് ഗുരുക്കന്മാരായി മഹത്വം പ്രാപിക്കുന്നത്. എങ്കിലും, അത്തരമൊരു ഉന്നതനായ ഗുരുവിന്റെ കീഴില്‍ വിദ്യ  അഭ്യസിക്കുമ്പൊഴും ഒരു വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ ധര്‍മ്മം സ്വയം വിദ്യ അഭ്യസിക്കുകയും, ഗുരുവിന് ഗുണങ്ങളുണ്ടെങ്കില്‍ അവ സ്വീകരിക്കുകയും, പരിമിതികളുണ്ടെങ്കില്‍ അവയെ അതിലംഘിക്കുകയും ചെയ്യുക എന്നതാണ്. മുന്‍ വിധികള്‍ക്കതീതമായി ഗുരു പറഞ്ഞതിനപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ സ്വയം അന്വേഷിച്ചു കണ്ടെത്തുമ്പോഴാണ് ഒരു വിദ്യാര്‍ത്ഥിയുടെ നിയോഗത്തിന് പ്രസക്തി കൈവരുന്നത്. അതായത് ഒരു വിദ്യാര്‍ത്ഥി പലപ്പോഴും സ്വന്തം ഗുരുവായി മാറേണ്ടതുണ്ട്. അങ്ങനെ സ്വയം ഗുരുവായിമാറി അതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുമ്പോഴാണ് ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നത് - മഹത്തായ ആശയങ്ങള്‍ ഉണ്ടാകുന്നത്, ഇതിഹാസങ്ങള്‍ ജനിക്കുന്നത്. കുറഞ്ഞപക്ഷം മുന്‍വിധികള്‍ തിരുത്തപ്പെടുകയെങ്കിലും ചെയ്യുന്നത്. അങ്ങനെ ചിലതരം മുന്‍വിധികളെ തിരുത്തുവാന്‍ ഐ. ടി, ക്ലബ്ബ് കളമൊരുക്കിയെങ്കില്‍! എന്ന് പ്രത്യാശയോടെ.

ഐ.ടി. ക്ലബ്ബ്. ജി.വി.എച്ച്.എസ്.എസ്, കല്പകഞ്ചേരി

ലോഗോ

 PN